\section*{മൊബൈലും വിദ്യാര്‍ത്ഥിയും} \vskip 2pt കുറച്ചു കാലത്തെ ഇടവേളക്കു ശേഷം കാലികപ്രസക്തമെന്നെനിക്ക് തോന്നിയ ഒരു വിഷയവുമായി, ഈയടുത്തൊരു ദിവസം ടെലിവിഷനില്‍ കണ്ടൊരു പരിപാടിയാണ് എന്നെക്കൊണ്ടിതെഴുതിക്കുന്നത്. വിദ്യാര്‍ത്ഥിയും മൊബൈലും ആയിരുന്നു ആ ചര്‍ച്ചയുടെ വിഷയം. ചര്‍ച്ചയില്‍ പങ്കെടുത്ത മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥികളടക്കമുള്ള പലരുടെയും അഭിപ്രായം പുത്തന്‍ തലമുറ ഫോണുകള്‍ (വിദ്യാര്‍ത്ഥികള്‍ക്ക്) അനാവശ്യമാണെന്നായിരുന്നു. വൈദ്യുതി കനിയാഞ്ഞതു കാരണം പരിപാടി മുഴുവനും കാണാനായില്ല, അതുകൊണ്ട് ചര്‍ച്ച സംഗ്രഹിച്ചതെങ്ങനെ എന്നറിയാനായില്ല. എന്തായാലും കഴിഞ്ഞ നാലു വര്‍ഷം ഒരു പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഈ ഞാനും അനുഭവത്തിന്റെ വെളിച്ചത്തില്‍ ചിലത് പറയട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും ധരിച്ചിരിക്കുന്നതു പോലെ വിലകൂടിയ ഫോണുകളും അത്യന്താധുനിക സാങ്കേതിക വിദ്യയും സ്റ്റാറ്റസ് സിംബലല്ല മറിച്ച് ലോകം കൈവെള്ളയിലൊതുക്കാനുള്ള സങ്കേതങ്ങളാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത അത്യന്തം പഠനതല്‍പ്പരരായ സുഹൃത്തുക്കള്‍ മാത്രമല്ല ക്യാമ്പസുകളിലുള്ളത്. മറിച്ച് ഒരു ഭൂരിഭാഗം (പഠനത്തോടൊപ്പം) ജീവിതം ആസ്വദിക്കുകയും ചെയ്യുന്നവരാണ്. ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന മനുഷ്യജീവികള്‍. അവര്‍ക്ക് ജീവിതത്തിലെ അനശ്വര മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താന്‍ ക്യാമറയും, സംഗീതം ആസ്വദിക്കാന്‍ മ്യൂസിക് പ്ലെയറും,ഇന്റര്‍നെറ്റുമായി ബന്ധപ്പെടാന്‍ മോഡവും, സര്‍വ്വോപരി ഫോണും, എല്ലാം ആയി പ്രവര്‍ത്തിക്കാന്‍ ഈ വിലയ്ക്ക്, ഈ വലുപ്പത്തില്‍ ഒരുപകരണം വേറെയുണ്ടോ? ഈ ലളിതമായ സമസ്യക്ക് എനിക്കൊരുത്തരം തരിക. സ്റ്റാറ്റസിനു വേണ്ടി ഇത്തരം ഫോണുകള്‍ കൊണ്ടു നടക്കുന്നവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ന്യൂനപക്ഷമാണ്. മൊബൈലിന്റെ ദുരുപയോഗം തടയാന്‍ ഹോസ്റ്റലുകള്‍ നടപടികള്‍ വല്ലതും സ്വീകരിക്കാറുണ്ടോ എന്ന ചോദ്യത്തിന് അഭിമാനത്തോടെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഹോസ്റ്റലില്‍ മൊബൈല്‍ കൈവശം വയ്ക്കാന്‍ വാര്‍ഡന്‍ അനുവദിക്കാറില്ലത്രേ. അത്ര നിര്‍ബന്ധമുള്ളവര്‍ക്ക് വാര്‍ഡന്റെ കൈയ്യിലേല്‍പ്പിക്കാം. ഫോണ്‍ വരുമ്പോള്‍ വാര്‍ഡന്റെ മുമ്പില്‍ വച്ചു സംസാരിച്ചിട്ട് തിരിച്ചു കൊടുക്കണം. ഇങ്ങനെ മൊബൈലുപയോഗിക്കുന്ന സുഹൃത്തിനും കൂട്ടുകാര്‍ക്കും പുത്തന്‍ തലമുറയെന്നല്ല, മൊബൈല്‍ തന്നെ ആവശ്യമില്ല. അവര്‍ക്കൊക്കെ അത് കുരങ്ങന്റെ കൈയ്യിലുള്ള പൂമാലയാണ്. സാധാരണ മനുഷ്യരായി ജീവിക്കുകയും അവരെപ്പോലെ ചിന്തിക്കുകയും ചെയ്യുന്ന ഒരുപാടു വിദ്യാര്‍ത്ഥി സുഹൃത്തുക്കുളുണ്ട് ഈ കൊച്ചു കേരളത്തില്‍. അവര്‍ക്ക് മൊബൈല്‍ ഒരത്യാവശ്യമാണ്. സംസാരിക്കാനും, പരസ്പരം (സ്നേഹ)സന്ദേശം കൈമാറാനും മാത്രമല്ല, ജീവിതാഘോഷങ്ങളുടെ നേര്‍കാഴ്ചകള്‍ സൂക്ഷിക്കാന്‍, തന്നെ ത്രസിപ്പിച്ച ഈരടികള്‍ വീണ്ടും വീണ്ടും ആസ്വദിക്കാന്‍, ഒരിക്കലും തീരാത്ത മായകാഴ്ചകള്‍ക്കായി ഇന്റര്‍നെറ്റ് പരതാന്‍, അങ്ങനെ പലതിനും, നേരം കൊല്ലികളായ കളികളുടെ പേരില്‍ മത്സരം സംഘടിപ്പിക്കാനും, സോഫ്റ്റ്‌വെയറിന്റെ ഉള്ളുകളികളിലേക്കിറങ്ങിച്ചെന്ന് തിരുത്താനും പോലും. അവര്‍ക്ക് മൊബൈല്‍ ഒഴിവാക്കാനാവാത്ത കൂട്ടാണ്. പഠിത്തം നന്നാക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ നേരെ നടക്കുന്ന ഇത്തരം ചെയ്തികള്‍ക്കെതിരെ ആരും പ്രതികരിക്കാത്തതല്ല എന്നെ അത്ഭുതപ്പെടുത്തിയത്, വിദ്യാര്‍ത്ഥികള്‍ തന്നെ അതിനെ ന്യായീകരിക്കുന്നതാണ്. ഞാന്‍ കണ്ടിടത്തോളം, മൊബൈല്‍ കാരണം മാത്രം പഠിത്തം മോശമാവുന്ന ഒരു കുട്ടി പോലും ലോകത്തിലുണ്ടാവില്ല. പഠിക്കാന്‍ കഴിയാത്തവര്‍ക്ക്, മൊബൈലല്ലെങ്കില്‍ മറ്റൊരു കാരണം കാണും. പിന്നെ ദുരുപയോഗം, വ്യക്തവും, ശക്തവുമായ നിയമങ്ങളുണ്ടായിട്ടും മൊബൈല്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍, നമ്മുടെ നിയമവ്യവസ്ഥിതിയുടെ പ്രശ്നമായാണ് ഞാനത് കാണുന്നത്. ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും, നടപടികളും ശിക്ഷകളും ഉണ്ടാവുകയും ചെയ്താല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ കുറക്കാനാവും. സാങ്കേതിക വിദ്യക്കനുസരിച്ച് നമ്മുടെ നിയമവ്യവസ്ഥിതിയും ഭരണസംവിധാനങ്ങളും വളരാത്തതാണെന്നു തോന്നുന്നു ഇതിനുള്ള തടസ്സം. പിന്നെ പോലീസിനോടിടപെടാന്‍ നമുക്കെല്ലാര്‍ക്കുമുള്ള മടിയും. എറിയാനറിയാവുന്നവന്റെ കയ്യില്‍ വടി കൊടുക്കരുതെന്നപോലെ, വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ കൊടുക്കരുതെന്നു വാശി പിടിക്കുന്നവരോട്, വടി പിടിക്കാനെങ്കിലും പഠിച്ച ശേഷം എറിയുന്നവരെ നന്നാക്കുക. മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണ്ടെന്നല്ല എന്റെ അഭിപ്രായം, നിയന്ത്രണവും, നിരോധനവും ഫലത്തില്‍ ഒന്നാവരുതെന്നാണ്. അതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ഔചിത്യമില്ലാത്ത മൊബൈല്‍ ഉപയോഗം മാത്രമേ നിയന്ത്രിക്കേണ്ടതുള്ളൂ എന്നാണെന്റെ അഭിപ്രായം. (August 28, 2007) \newpage