\secstar{ജിനേഷ് ഒരു പ്രചോദനം} ജിനേഷിന്റെ ജീവിതം നമുക്കോരോരുത്തര്‍ക്കും പ്രചോദനം നല്കുന്നു. ആശുപത്രിക്കിടക്കയില്‍നിന്നുപോലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന ആ ആവേശം അറിവിന്റെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന നമുക്കോരോരുത്തര്‍ക്കും മുന്നോട്ടുള്ള പ്രയാണത്തില്‍ ശക്തിപകരും. ഈ പുസ്തകത്തിന്റെ അണിയറപ്രവര്‍ത്തനത്തിലൂടെയാണു് ജിനേഷിന്റെ ചിന്തകളെ അടുത്തറിയാന്‍ സാധിച്ചതു്. മുമ്പു് പലപ്പോഴും സ്വതന്ത്രസോഫ്റ്റ്‌വെയര്‍കൂട്ടായ്മകളുടെ ഒത്തുചേരലുകളിലൂടെയുള്ള സംസാരങ്ങളേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ ഇന്റര്‍നെറ്റ്സല്ലാപങ്ങള്‍ക്കു് സമയം കൊടുക്കുന്ന ശീലമില്ലാത്തതിനാല്‍ ജിനേഷുമായി അധികം സംവദിച്ചിരുന്നില്ല. ഈ കുറിപ്പുകളുടെ പ്രകാശനം നമ്മളോരോരുത്തരേയും സമൂഹത്തെ നിരീക്ഷിക്കാനും, നമ്മുടെ കുറിപ്പുപുസ്തകങ്ങളിലൂടെ സംവദിക്കാനും, ഒരു സ്വതന്ത്രസമൂഹം സൃഷ്ടിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാനും വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ. അതായിരിയ്ക്കും ജിനേഷിന്റെ ഓര്‍മ്മയ്ക്കായി നമുക്കു് ചെയ്യാവുന്ന ഏറ്റവും യോജിച്ച പ്രവര്‍ത്തനം. ജിനേഷിന്റെ സൗമ്യമായ ഭാഷയും തുറന്ന മനസ്സും നിരീക്ഷണകൗതുകവും ഗാഢമായ വിശകലനങ്ങളും നമുക്കും മാതൃകയാക്കാം. \begin{flushright}പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഡെബിയന്‍ ഡെവലപ്പര്‍, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രചാരകന്‍\end{flushright} \newpage