\secstar{ബുഡാപെസ്റ്റിലെ തണുപ്പന്‍ കാറോട്ടം} \vskip 2pt ആഗസ്റ്റ് ഒന്നിന് ബുഡാപെസ്റ്റില്‍ നടന്ന ഹംഗേറിയന്‍ ഗ്രാന്‍പ്രീയോടെ ഫോര്‍മുലാ വണ്‍ 2010 സീസണിലെ 12 റേസുകള്‍ക്ക് തീരുമാനമായി. ശക്തമായ ചില പോരാട്ടങ്ങള്‍ ട്രാക്കിലുണ്ടായെങ്കിലും, ഹംഗറിയിലെ ചൂടുള്ള ട്രാക്കില്‍ വളരെ തണുത്ത പോരാട്ടമായിരുന്നു അരങ്ങേറിയത്. മാര്‍ക് വെബ്ബറും റെഡ്ബുള്ളും മക്‌ലാരനില്‍നിന്ന് പോയിന്റ് നിലയില്‍ ലീഡ് തിരിച്ചുപിടിച്ച് ശക്തി തെളിയിച്ചു. ജര്‍മനിയിലെ അത്ര ശക്തമായിരുന്നില്ലെങ്കിലും രണ്ടും നാലും സ്ഥാനങ്ങളിലെത്തി ഫെറാരിയും കരുത്തു കാണിച്ചു. യോഗ്യതാ റൌണ്ടില്‍ ഏഴാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ പോള്‍ നേടിയപ്പോള്‍, നാലുതവണ പോള്‍ നേടിയ വെബ്ബര്‍ രണ്ടാമതെത്തി. സീസണില്‍ ആറാം തവണയാണ്, ഗ്രിഡ്ഡിലെ മുന്‍ നിര റെഡ്ബുള്‍ സ്വന്തമാക്കിയത്. തൊട്ടുപിന്നില്‍ ഫെറാരികള്‍ അലോണ്‍സൊയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണ്‍ മൂന്നാം പാദം കണ്ടില്ല. ഫോഴ്സ് ഇന്ത്യയുടെ കാറുകള്‍ തുടര്‍ച്ചയായി രണ്ടാം തവണയും മൂന്നാം പാദത്തിലെത്തുന്നതില്‍ പരാജയപ്പെട്ടു. വിറ്റാലി പെട്രോവ് സീസണില്‍ ആദ്യമായി സഹ റെനോ ഡ്രൈവര്‍ കുബിത്സയ്ക്കു മുന്നില്‍ യോഗ്യതനേടിയപ്പോള്‍ പെഡ്രോ ഡി ലാ റൊസയും നികൊ ഹള്‍ക്കെന്‍ബെര്‍ഗും മൂന്നാം പാദത്തിലെത്തി സൌബര്‍, വില്യംസ് ടീമുകള്‍ ശക്തമായ മദ്ധ്യനിര സാന്നിദ്ധ്യമാണെന്നു തെളിയിച്ചു. ഇന്ത്യന്‍ ഡ്രൈവര്‍ കരണ്‍ ചന്ദോക്കിന് ഇത്തവണയും അവസരം കിട്ടിയില്ല. ആദ്യലാപ്പില്‍ ശക്തമായ സ്റ്റാര്‍ട്ടിലൂടെ ഫെറാരികള്‍ റെഡ്ബുളുകളുടെ മേല്‍ ചെറിയ ആധിപത്യം നേടി. അലോണ്‍സൊ വെബ്ബറിനെ മറികടക്കുകയും വെറ്റലിന് വളരെ അടുത്തെത്തുകയും ചെയ്തപ്പോള്‍ ആദ്യവളവിന് മുമ്പ് ഉള്‍വശത്തുകൂടെ വെബ്ബറെ മറികടക്കാനുള്ള മസ്സയുടെ ശ്രമം പാളിപ്പോയി. എന്നാല്‍ ഏഴാമതുനിന്ന് റൊസ്ബര്‍ഗിനേയും ഹാമില്‍ട്ടണേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയ പെട്രോവ് തന്റെ കഴിവ് പുറത്തെടുത്തു. മൈക്കല്‍ ഷുമാക്കറാവട്ടെ, മറ്റൊരു ശക്തമായ സ്റ്റാര്‍ട്ടിലൂടെ പുതിയ തന്റെ അവതാരം ഇപ്പോള്‍ നല്ല സ്റ്റാര്‍ട്ടറാണെന്നു കാണിച്ചുതന്നു. മികച്ച ഫ്ലൈയിങ് ലാപ്പുകളും പിറ്റ് സ്റ്റോപ്/ടയര്‍ ഓപ്ഷന്‍ തീരുമാനങ്ങളും എടുത്തിരുന്ന പഴയ സ്വരൂപം കൂടി തിരിച്ചെടുക്കാനായാലെ പക്ഷേ ഷുമാക്കര്‍ക്ക് രക്ഷയുള്ളൂ. ആദ്യലാപ്പില്‍ തന്റെ മുന്നില്‍ കടന്നെങ്കിലും രണ്ടാം ലാപ്പില്‍ പെട്രോവിന്റെ പരിചയക്കുറവ് മുതലെടുത്ത് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്ത് തിരിച്ചെത്തി. റേസിലെ ആദ്യ റിട്ടയര്‍മെന്റ് ടോറോ റോസോയുടെ ജെയ്മി അല്‍ഗ്യുസാരിയുടേതായിരുന്നു. എന്‍ജിന്‍ പ്രശ്നം കാരണമായിരുന്നു വിരമിക്കല്‍. നല്ല ചൂടുള്ള ട്രാക്ക് സൂപ്പര്‍ സോഫ്റ്റ് ടയറുകള്‍ക്ക് കൂടുതല്‍ ആയുസ്സുനല്‍കിയത് വിരസമായ ഒരു റേസിന് പ്രധാനകാരണമായെന്നു വേണമെങ്കില്‍ പറയാം. ടയറുകളോ അപകടങ്ങളിലൂടെയുണ്ടായ അപ്രവചനീയതയോ ആണ് സീസണിലെ മികച്ചതെന്നു പറയാവുന്ന റേസുകള്‍ക്ക് വഴിയൊരുക്കിയത്. ഇവിടെയും പതിനഞ്ചാം ലാപ്പില്‍ ബട്ടന്റെയും ലിയുസ്സിയുടെയും കാറുകള്‍ തമ്മിലുരസുകയും അതിനു ശേഷം തുടരെത്തുടരെ കാറുകള്‍ പിറ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ഹാമില്‍ട്ടണ്‍ മസ്സയെ മറികടക്കുകയും, പിറ്റില്‍ നടന്ന ബഹളത്തില്‍ അപകടത്തിലൂടെ സുട്ടിലും റൊസ്ബര്‍ഗും വിരമിക്കുകയും കുബിത്സയുടെ പോയിന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തെങ്കിലും, നല്ല മൈലേജ് നല്‍കിയ സോഫ്റ്റ് ടയറുകള്‍ മാര്‍ക് വെബ്ബര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എല്ലാവരും സേഫ്റ്റികാര്‍ ഇറങ്ങുന്നതിനു മുമ്പ് പിറ്റ് ചെയ്തപ്പോള്‍ വെബ്ബറിനും ബാരിക്കെല്ലോക്കും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിരോധത്തിലായ വെബ്ബറെ സഹായിക്കാന്‍ വെറ്റല്‍ മറ്റുകാറുകളെ സേഫ്റ്റികാറിനുപിന്നില്‍ പത്ത് കാര്‍ ദൂരത്തിനുമപ്പുറം തളച്ചിട്ടു. ഇതിനു പിന്നീട് വെറ്റലിന് ഡ്രൈവ് ത്രൂ പെനാല്‍ട്ടി ലഭിച്ചു. സേഫ്റ്റികാര്‍ പിന്മാറിയ ശേഷം വെബ്ബര്‍ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യവും ഹംഗറിയില്‍ ഫെറാരിക്കുമേല്‍ കണ്ടെത്തിയ വേഗവും മുതലെടുത്ത് ലീഡ് വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തി. ഇതിനിടയില്‍ മക്‌ലാരന്റെ നിരാശയുടെ ആഴം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹാമില്‍ട്ടണ്‍ ട്രാന്‍സ്‌മിഷന്‍ പ്രശ്നവുമായി ഇരുപത്തിനാലാം ലാപ്പില്‍ വിരമിച്ചു. പിറ്റ് സ്റ്റോപ്പിലെ അപകടത്തിന് 10 സെക്കന്റ് സ്റ്റോപ് ഗോ ശിക്ഷയും കൂടി ലഭിച്ച കുബിത്സ അവസാനം ഇരുപത്തിയാറാം ലാപ്പില്‍ റേസ് അവസാനിപ്പിച്ചു. വെബ്ബര്‍ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നെങ്കിലും, ഡ്രൈവ് ത്രൂ വെറ്റലിന് ഒരു നിശ്ചയമായിരുന്ന രണ്ടാം സ്ഥാനം നഷ്ടമാക്കി. അവസാനം നാല്‍പ്പത്തിനാലാം ലാപ്പില്‍ പിറ്റ് ചെയ്യുമ്പോള്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫെറാരിയുടെ അലോണ്‍സൊയുടെ മേല്‍ വെബ്ബറിന് 23.7 സെക്കന്റ് ലീഡ് ഉണ്ടായിരുന്നു. എന്നാല്‍ പ്രൈം ടയറുകളില്‍ റേസ് തുടങ്ങുകയും പെട്രോവില്‍ നിന്നും ഹള്‍ക്കെന്‍ബെര്‍ഗില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിടുകയും ചെയ്ത ബാരിക്കെല്ലോയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. അവസാനം ഒരു പോയിന്റിനു വേണ്ടി ജീവന്‍ പണയം വെച്ചുള്ള പോരാട്ടമാണ് മൈക്കല്‍ ഷുമാക്കറില്‍ നിന്നും നേരിടേണ്ടി വന്നത്. അന്‍പത്തിയാറാം ലാപ്പില്‍ പിറ്റ് ചെയ്ത ബാരിക്കെല്ലോ എതാണ്ട് പത്തുലാപ്പോളം നീണ്ട പോരാട്ടത്തിനൊടുവില്‍ തലനാരിഴയ്ക്കാണ് ഷുമാക്കറില്‍ നിന്നും പത്താം സ്ഥാനം നേടിയത്. വിരസമായ റേസായിരുന്നുവെങ്കിലും വെബ്ബര്‍ ഒന്നാമതെത്തുകയും, വെറ്റല്‍ മൂന്നാമതെത്തുകയും ചെയ്തത്, റെഡ്ബുളിന് (312) മക്‌ലാരനുമേല്‍ (304) എട്ടു പോയിന്റ് ലീഡ് നേടിക്കൊടുത്തു. ഡ്രൈവര്‍മാരുടെ പോരാട്ടം ശരിക്കും ഒരു 'ഫൈവ് വേ' പോരാട്ടമാവുകയും ചെയ്തു. വെബ്ബര്‍ (161) ചെറിയൊരു ലീഡുമായി ഹാമില്‍ട്ടണു (157) മുകളില്‍ ഒന്നാമതാണിപ്പോള്‍. മൂന്നാമത് വെറ്റലും (151). നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ബട്ടണും (147), അലോണ്‍സൊയുമാണ് (141). ആദ്യ അഞ്ചു സ്ഥാനങ്ങളെ പിരിക്കുന്നത് വെറും 20 പോയിന്റുമാത്രം. ഒരാഴ്ചയുടെ ഇടവേളയില്‍ നടന്ന ജര്‍മന്‍-ഹംഗേറിയന്‍ റേസുകളില്‍ റെഡ്ബുള്‍ കാറുകളുടെ വേഗവ്യത്യാസം ശ്രദ്ധിച്ചാല്‍ത്തന്നെ ഇതെത്ര ചെറിയ വിടവാണെന്നു മനസ്സിലാവും. ജര്‍മനിയില്‍ ഫെറാരികള്‍ റെഡ്ബുളിനൊപ്പത്തിനൊപ്പമായിരുന്നു, എന്നാല്‍ ഹംഗറിയിലെത്തിയപ്പോള്‍ അത് 24 സെക്കന്റ് ലീഡ് വരെ കൊടുക്കുന്ന രീതിയിലെത്തി. ട്രാക്കിനനുസരിച്ച് കാര്‍ സെറ്റ് ചെയ്യുന്നതില്‍ റെഡ്ബുള്‍ ഫെറാരിയേക്കാള്‍ മികവു കാണിച്ചതു മാത്രമാണ് ഈ മുന്നേറ്റത്തിനടിസ്ഥാനം. ഫോര്‍മുല വണ്ണിലെ വേനലവധിയാണ് ഇനി വരുന്ന രണ്ടാഴ്ചകള്‍. അതിനു ശേഷം ആഗസ്റ്റ് അവസാനം ബെല്‍ജിയത്തിലും പിന്നീട് സെപ്തംബര്‍ രണ്ടാം വാരം ഇറ്റലിയിലും നടക്കുന്ന പോരാട്ടങ്ങളോടെ ഫോര്‍മുല വണ്‍ 2010 സീസണിന്റെ യൂറോപ്യന്‍ പാദം അവസാനിക്കും. പിന്നെ ഫാര്‍ ഈസ്റ്റിലെ മൂന്നു റേസുകളും (സിംഗപ്പൂര്‍, ജപ്പാന്‍, കൊറിയ), ഏക ലാറ്റിനമേരിക്കന്‍ റേസും (ബ്രസീല്‍), മിഡിലീസ്റ്റിലെ രണ്ടാം റേസുമാണ് (അബുദാബി) ബാക്കിയുള്ളത്. ഈ റേസുകള്‍ പലതും പുതിയവയും കൃത്യമായി മനസ്സിലാക്കാനാവാത്ത ട്രാക്കുകളില്‍ നടക്കുന്നവയുമായിതിനാല്‍ വരുന്ന രണ്ട് യൂറോപ്യന്‍ റേസുകള്‍ ശക്തമായ തയ്യാറെടുപ്പുകളോടെയായിരിക്കും ടീമുകളെല്ലാം നേരിടുന്നത്. ഫോഴ്സ് ഇന്ത്യ അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തതും കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തിലും ഇറ്റലിയിലുമാണ്. അത് ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. (5 August 2010)\footnote{http://malayal.am/വിനോദം/കായികം/7191/ബുഡാപെസ്റ്റിലെ-തണുപ്പന്‍-കാറോട്ടം} \newpage